ഉണ്ണിയപ്പം - Kerala Unniyappam Recipe in Malayalam
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ടതും വളരെ രുചിയേറിയതും, വളരെപ്പെട്ടെന്ന് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരടിപൊളി സാധനം, ഉണ്ണിയപ്പം അഥവാ കാരയപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
അരി, ശർക്കര, തേങ്ങ, എന്നിവയുടെ മിശ്രിതത്തിൽ നിന്നാണ് ഇതുണ്ടാക്കുന്നത്, സ്വർണ തവിട്ടു നിറത്തിൽ ആഴത്തിൽ പൊരിച്ചെടുത്ത അർദ്ധ ഗോളാകൃതിയിൽ ആണ് ഉണ്ണിയപ്പം ഉണ്ടാക്കുന്നത്.
ഉണ്ണിയപ്പം പലപ്പോഴും മധുര പലഹാരമായോ ലഘു ഭക്ഷണമായോ നൽകാം. അമ്പലങ്ങളിലും മറ്റു മതപരമായ ആഘോഷങ്ങളിലും ഇത് ഒരു ജനപ്രിയ വഴിപാടാണ്. ഉത്സവ കാലങ്ങളിൽ വീടുകളിലും ഉണ്ടാക്കുന്ന രുചിയേറിയ പലഹാരമാണ് ഉണ്ണിയപ്പം.
ഉണ്ണിയപ്പം ആവശ്യമായ ചേരുവകൾ
Ingrediants | Amount |
---|---|
1) പച്ചരി | 500 gm |
2) ശർക്കര | 500 gm |
3) തേങ്ങാ കൊത്ത് | 1 കപ്പ് |
4) ഏലയ്ക്കാപ്പൊടി | 1 ടീസ്പൂൺ |
5) പഴം - പാളയൻങ്കോടൻ | 5 എണ്ണം |
6) സോഡാപ്പൊടി | ഒരു നുള്ള് |
7) എള്ള് | 2 ടീസ്പൂൺ |
8) ഉപ്പ് | പാകത്തിന് |
9) വെളിച്ചെണ്ണ/ നെയ്യ് | ആവശ്യത്തിന് |
ഈ ചേരുവ ഉപയോഗിച്ച് 50 -60 ഉണ്ണിയപ്പം ഉണ്ടാക്കാം. തികച്ചും സസ്യഹാരം ആയതിനാൽ ആർക്കും കഴിക്കാവുന്നതാണ്. അതുപോലെതന്നെ മധുരം നിങ്ങളുടെ ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം
ഉണ്ണിയപ്പം തയ്യാറാക്കുന്ന വിധം
പച്ചരി 2 മണിക്കൂർ കുതിർത്തതിന് ശേഷം നല്ല മയത്തിൽ അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. നല്ല അടി കട്ടിയുള്ള പാത്രത്തിൽ ശർക്കര പൊടിച്ച് ഒരു ഗ്ലാസ്സ് വെള്ളം ഒഴിച്ച് നന്നായി ഉരുക്കിയെടുക്കുക.
നന്നായി ഉരുക്കിയെടുത്തതിന് ശേഷം ചെറിയ ചൂടോടെ മാവിലേയ്ക്ക് യോജിപ്പിക്കുക. ഈ കൂട്ടിലേയ്ക്ക് പഴം കൂടി നന്നായി ഉടച്ച് ചേർക്കാം ( പഴം ഉപയോഗിക്കാതെയും ഉണ്ടാക്കാവുന്നതാണ്. ഉണ്ണിയപ്പത്തിന് നല്ല മയം കിട്ടാനാണ് പഴം ചേർക്കുന്നത്).
തേങ്ങാക്കൊത്ത് കുറച്ച് നെയ്യ് ഉപയോഗിച്ച് നല്ല ബ്രൗൺ നിറം ആകും വരെ വറുത്തെടുക്കുക. അതിലേയ്ക്ക് എള്ള് കൂടെ ചേർക്കുക. അതിനു ശേഷം മാവിലേയ്ക്ക് കൂട്ടി യോചിപ്പിക്കുക. ശേഷം ഏലയ്ക്കാപ്പൊടിയും സോഡാപ്പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് 2 മണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കുക.
രണ്ടു മണിക്കൂർ ശേഷം അപ്പക്കല്ല് ചൂടാക്കി വെളിചെണ്ണയോ, നെയ്യോ ഒഴിച്ച് അപ്പം ചുട്ടെടുക്കാം. എണ്ണ നന്നായി തിളച്ചതിന് ശേഷം ഒരു തവി (കൈ പൊള്ളാതിരിക്കാൻ നീളമുള്ളത് ഉപയോഗിക്കാം) ഉപയോഗിച്ച് ഓരോ കുഴിയിലേയ്ക്കും ഒഴിക്കുക. ഒരു വശം വെന്തു കഴിയുമ്പോൾ സ്പൂൺ ഉപയോഗിച്ച് മറിച്ചിടുക.
മീഡിയം തീയിൽ വച്ച് വേണം വേവിക്കാൻ ഇല്ലെങ്കിൽ വേഗം കരിഞ്ഞു പോവും, ഉള്ളു വേവാതെയും ഇരിക്കും. രണ്ടു വശവും വെന്തതിനു ശേഷം അപ്പം കോരിയെടുക്കാം. എണ്ണ ഊറിപോകാൻ കുറച്ച് നേരം മാറ്റിവെക്കുക.
ഇതുപോലെ ഉണ്ടാക്കിവെച്ച എല്ലാ മാവും ഉണ്ടാക്കാവുന്നതാണ്. രുചികരമായ ഉണ്ണിയപ്പം റെഡി.... വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ 5-6 ദിവസം കേടുകൂടാതെ സൂക്ഷിക്കാം
കേരളത്തിലെ എല്ലാത്തരം ആളുകളും ഇഷ്ടപെടുന്ന ലഘുഭക്ഷണമാണ് ഉണ്ണിയപ്പം. അതുപോലെ തന്നെ മറ്റുള്ള നാട്ടിലുള്ളവർക്കും ഉണ്ടാക്കി കൊടുത്താൽ അവർ ഏറെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള പലഹാരം കൂടിയാണ് ഇത്.