വാഹനങ്ങളിലെ തീ പിടിത്തം എങ്ങനെ തടയാം - How to Avoid Car Fire

വാഹനങ്ങൾ തീ പിടിക്കുന്നതിന് കാരണമാകുന്ന ചില സാഹചര്യങ്ങൾ

കണ്ണൂരിലെ ഗർഭിണിയായ യുവതിയും ഭർത്താവും കാറിനു തീപിടിച്ചു മരിച്ചതും പുറകിലെ സീറ്റിലിരുന്നവരെ രക്ഷിച്ചതിന് ശേഷം സ്വയം രക്ഷപെടാൻ സാധിക്കാതെ ഓടിക്കൂടിയ നാട്ടുകാർക്ക് പോലും ഒന്നും ചെയ്യാൻ പറ്റാതെ അലറിവിളിച്ചു മരണത്തിന് കീഴടങ്ങിയത് കേരളത്തെയാകെ ഞെട്ടിച്ചതാണ്. അതുകൊണ്ട് തന്നെ ഒരു ബോധവൽക്കരണം ഈ വിഷയത്തിൽ അത്യാവശ്യം ആണ്. ഇനിയൊരു അപകടം ഇതുപോലെ ഒരിക്കലും ഉണ്ടാവരുത് 


1.ഇന്ധനച്ചോർച്ച ⛽️


കാലപ്പഴക്കം മൂലവും അറ്റകുറ്റപ്പണിയുടെ അഭാവം നിമിത്തവും ഇന്ധനച്ചോർച്ച സംഭവിക്കാം. എലി മുതലായവയുടെ ആക്രമണം മൂലവും ചോർച്ച ഉണ്ടാകാം. പ്രത്യേകതരം വണ്ടുകൾ റബ്ബർ കൊണ്ട് നിർമിച്ച ഇന്ധനലൈനിൽ വളരെ ചെറിയ ദ്വാരം ഇടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .

2. വാതകച്ചോർച്ച 

എൽ.പി.ജി. മുതലായവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ചോർച്ചാ സാധ്യത കൂടുതലാണ്. ഗ്യാസ് ആയി കൺവെർട്ട് ചെയ്ത പഴയ പെട്രോൾ വാഹനങ്ങളിലും ഗ്യാസ് ലീക്കാണ് പ്രധാന വില്ലൻ.


3.രൂപമാറ്റം വരുത്തൽ 🛻


കൂടുതൽ വാട്ടേജ് ഉള്ള ഹോണുകളും ലൈറ്റിന്റെ ആർഭാടങ്ങളും സ്പീക്കറുകളും
എല്ലാം അഗ്നിക്ക് കാരണമാകാം. ഇത്തരം മോഡിഫിക്കേഷനുകൾക്ക് താഴ്ന്ന നിലവാര ത്തിലുള്ള കനം കുറഞ്ഞ വയറിങ് ആണ് ഉപയോഗിക്കാറ്.

4. ഫ്യൂസുകൾ 🔌


വാഹന നിർമാതാക്കൾ നിഷ്ക്കർഷിച്ചിട്ടുള്ള ഫ്യൂസുകൾ മാറ്റി കൂടുതൽ കപ്പാസിറ്റിയുള്ള ഫ്യൂസുകൾ ഘടിപ്പിക്കുന്നതും വയറുകളോ കമ്പിയോ പകരം പിടിപ്പിക്കുന്നതും തീപ്പിടിത്തസാധ്യത വർധിപ്പിക്കുന്നു.

5. ബാറ്ററികളും ചാർജിങ് സർക്യൂട്ടും 🪫


പഴയതും തകരാറുള്ളതുമായ ബാറ്ററികൾ പലപ്പോഴും തീപ്പിടിത്തത്തിന് കാരണമാകാറുണ്ട്.

6. കൂളിങ് സിസ്റ്റത്തിന്റെ തകരാർ ❄️🌨️


കൂളിങ് സിസ്റ്റത്തിന് തകരാറുകൾ സംഭവിക്കുന്നതും ലൂബ്രിക്കേഷൻ സിസ്റ്റത്തി ന്റെ തകരാറുകളും എൻജിന്റെ താപനില
വർധിക്കുന്നതിനും അതുമൂലം റബ്ബർ ഭാഗങ്ങൾ ഉരുകാനും തീപ്പിടിത്തത്തിലേക്ക് നയിക്കാനും ഇടയുണ്ട്.

7.കൂട്ടിയിടികളും സാങ്കേതികത്തകരാറുകളും 🚑


കൂട്ടിയിടികൾ പലപ്പോഴും തീ പിടിത്തതിന് കാരണമാകാറുണ്ട്.

8. പാർക്കിങ് സ്ഥലവും പരിസരങ്ങളും


ഉണങ്ങിയ പുൽമൈതാനങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ ചൂടുപിടിച്ച സൈലൻസറിൽ തട്ടി അഗ്നിബാധക്ക് കാരണമാകാം.

9. തീപ്പെട്ടി / ലൈറ്റർ/സ്റ്റൗ എന്നിവയുടെ ഉപയോഗം 🔥🔥


തീപ്പെട്ടിയൊ /ലൈറ്ററുകളോ കത്തിച്ചുപിടിച്ചുകൊണ്ട് എൻജിൻ കംപാർട്ട്മെന്റിനോ ഫ്യുവൽ ടാങ്കോ, ഫ്യുവൽ ലൈനുകളോ പരിശോധിക്കുന്നതോ റിപ്പയറിങ്ങിന് ശ്രമിക്കുന്നതോ അപകടത്തിലേക്ക് നയിക്കാം.


പരിഹാര മാർഗങ്ങൾ


• കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി ചെയ്യുക. വാഹനം നിർത്തിയിട്ടിരുന്ന തറയിൽ ഓയിൽ ലീക്കേജ് ഉണ്ടോ എന്ന് പരിശോധിക്കുന്നതും ദിവസത്തിൽ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നതും ശീലമാക്കുക

• കൃത്യമായ ഇടവേളകളിൽ ഗ്യാസ് ലൈനുകളിൽ പരിശോധന നടത്തുക. ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് ഇടയ്ക്ക് പരിശോധിക്കുകയും ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടാൽ സർവീസ് സെൻററിൽ കാണിച്ച് റിപ്പയർ ചെയ്യുകയും ചെയ്യുക.

• വാഹന നിർമാതാക്കൾ നിഷ്ക്കർഷിച്ചിട്ടുള്ളതും നിയമവിധേയവുമായ പാർട്സുകൾ ഉപയോഗിക്കുകയും അനാവശ്യമായ രൂപമാറ്റം ഒഴിവാക്കുകയും വേണം.

• ഇന്ധനക്കുഴലുകളും വയറുകളും കൃത്യമായിക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം.

• പാനൽ ബോർഡ് വാണിങ് ലാംപുകളും മീറ്ററുകളും നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളിൽ കൂളന്റും എൻജിൻ ഓയിലും മാറ്റുകയും ചെയ്യണം.

• വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകൾ ഘടിപ്പിക്കണം.

• കന്നാസിലും മറ്റും ഇന്ധനം വാങ്ങിസൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും ഒഴിവാക്കണം.

• വിനോദയാത്രകളും മറ്റും പോകുമ്പോൾ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തിൽവെച്ചാകരുത്.

• വാഹനത്തിനകത്ത് ഇന്ധനം, തീപ്പെട്ടി, ലൈറ്ററുകൾ, ബ്രേകൾ, സാനിറ്റൈസറുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കുക

• ആംബുലൻസുകളിൽ ഓക്സിജൻ സിലിൻഡറുകൾ കൃത്യമായി ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിക്കുകയും റെഗുലേറ്ററുകൾക്ക് തകരാറുകൾ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക.

• റെക്സിൻ കവറുകളും പോളിയസ്റ്റർ തുണി കവറുകളും അഗ്നി ആളിപ്പിടിക്കുന്നതിന് കാരണമാകാം എന്നതിനാൽ ഒഴിവാക്കണം

• പ്ലാസ്റ്റിക് അല്ലെങ്കിൽ റബ്ബർ ഉരുകുന്ന മണം വണ്ടിക്കകത്തു വരികയാണെങ്കിൽ അവഗണിക്കാതിരിക്കുക, വർക്ഷോപ്പിൽ പോയി പരിശോധിക്കുക


തീപിടിച്ചാൽ എന്തുചെയ്യണം


എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എഞ്ചിൻ ഓഫ് ചെയ്യുകയും ചെയ്യുക. വയറുകൾ ഉരുകി ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങി പോകുന്ന അപകടകരമായ സാഹചര്യം ഉടലെടുക്കാം.

 ഇത്തരം സാഹചര്യത്തിൽ വശങ്ങളിലെ ഗ്ലാസ് പൊട്ടിക്കാൻ ശ്രമം നടത്തുന്നതാണ് എളുപ്പം. സീറ്റിൽ കിടന്ന് കാലുകൊണ്ട് വശങ്ങളിൽ ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കാം. ചുറ്റിക പോലുള്ള ഉപകരണം വാഹനത്തിനകത്ത് കൈയെ എത്തുന്ന രീതിയിൽ സൂക്ഷിക്കുന്നത് ശീലമാക്കാം.

സീറ്റ്‌ ബെൽറ്റ്‌ ഊരാൻ പറ്റുന്നില്ലെങ്കിൽ പെട്ടെന്ന് തന്നെ മുറിച്ചു മാറ്റി രക്ഷപെടുക. താഴെ കൊടുത്തിരിക്കുന്ന ഉപകരണം എമർജൻസി കിറ്റിൽ ഡ്രൈവർക്ക് പെട്ടെന്ന് എടുക്കാൻ പാകത്തിൽ വണ്ടിയിൽ വെക്കുക.

അഗ്നിശമന ഉപകരണം ചില വാഹനങ്ങൾക്ക് നിർബന്ധമാണ്. യാത്രാ വാഹനങ്ങളിലെങ്കിലും ഇത് വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കാം
How to avoid car fire KL86Payyanur


ബോനെട്ടിനകത്തു തീ പിടിച്ചിട്ടുണ്ടെങ്കിൽ തുറക്കാൻ ശ്രമിക്കരുത് അതു തീ പടരുന്നതിനു കാരണമായേക്കാം 

You May Also Like






Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.