പയ്യോളി ചിക്കൻ ഫ്രൈ എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം
വളരെ നല്ല ടേസ്റ്റുള്ള പയ്യോളി ചിക്കൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
ആവശ്യമായ സാധനങ്ങൾ
1. ചിക്കൻ | 1 kg |
2. കാശ്മീരി മുളക് | 25 എണ്ണം |
3. ചെറിയുള്ളി | 20 എണ്ണം |
4. വെളുത്തുള്ളി | 15 എണ്ണം |
5. ഇഞ്ചി | ഒരു ചെറിയ കഷണം |
6. തേങ്ങ | ഒരു കപ്പ് |
7. കറിവേപ്പില | ആവശ്യത്തിന് |
8. പച്ചമുളക് | 10 എണ്ണം |
9. ഉപ്പ് | ആവശ്യത്തിന് |
10. വെളിച്ചെണ്ണ | ഒരു കപ്പ് |
11. മഞ്ഞൾപ്പൊടി | 1/2 tsp |
12. ഗരം മസാല | 1 tsp |
13. പെരുംജീരകപ്പൊടി | 1 tsp |
14. അരിപ്പൊടി | 25 p |
15. കോൺഫ്ലോർ | 2 tsp |
16. നാരങ്ങാ നീര് | ഒരു നാരങ്ങ |
തയ്യാറാക്കുന്ന വിധം
കാശ്മീരി മുളകിലേയ്ക്ക് കുറച്ച് വെള്ളം ഒഴിക്കുക, അത് ഒരു പാനിൽ അടുപ്പത്ത് വച്ച് നല്ല തീയിൽ ഒന്നു സോഫ്റ്റ് ആവുന്നതു വരെ തിളപ്പിക്കുക, അതിനു ശേഷം തീ ഓഫാക്കി തണുത്തതിനു ശേഷം മിക്സിയിൽ ഇട്ട് ചെറുതായി ചതച്ച് എടുക്കുക.
അതിനു ശേഷം അതിലേയ്ക്ക് ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, കുറച്ച് വെള്ളം കൂടി ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേയ്ക്ക് മാറ്റിവയ്ക്കുക. അതിൽ നിന്നു ഒരു 2 ടേബിൾ സ്പൂൺ മസാല മാറ്റിവയ്ക്കുക.
മസാലയിലേക്ക് മഞ്ഞൾപ്പൊടി, ഗരം മസാല, പെരുജീരകപ്പൊടി, നാരങ്ങാ നീര്, അരിപ്പൊടി, കോൺഫ്ലോർ, ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം നന്നായി വൃത്തിയാക്കിയ ചിക്കനിൽ തേച്ച് പിടിപ്പിക്കുക. അതിനുശേഷം ഒരു മണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക, അതിലേയ്ക്ക് ചിക്കൻ ചേർത്ത് മീഡിയം തീയിൽ തിരിച്ചും മറിച്ചും ഇട്ട് നന്നായി വേവിച്ചെടുക്കുക, കുറച്ച് കറിവേപ്പില കൂടെ ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ചേർക്കുക. ചിക്കൻ ഫ്രൈ ചെയ്ത അതേ എണ്ണയിൽ പച്ചമുളക് രണ്ടായി മുറിച്ച് ഫ്രൈ ചെയ്തു എടുക്കുക.
കുറച്ച് കറിവേപ്പില കൂടി അതേ എണ്ണയിൽ ഫ്രൈ ചെയ്ത് മാറ്റിവയ്ക്കുക. ചിരകി വച്ച തേങ്ങയിലേയ്ക്ക് നേരത്തെ മാറ്റിവച്ച രണ്ട് ടേബിൾ സ്പൂൺ മസാല ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം ചിക്കൻ ഫ്രൈ ചെയ്ത എണ്ണയിൽ തേങ്ങ ചേർത്ത് നന്നായി മൊരിയിച്ചെടുക്കുക.
ഫ്രൈ ചെയ്ത് വച്ചിരിക്കുന്ന ചിക്കനിലേയ്ക്ക് ഫ്രൈ ചെയ്ത തേങ്ങയും, പച്ചമുളകും, കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിക്കുക. വളരെ ടേസ്റ്റിയായിട്ടുള്ള പയ്യോളി ചിക്കൻ റെഡി.
ഇത് തയ്യാറാക്കി എടുക്കാൻ ഏകദേശം ഒരു മണിക്കൂർ എങ്കിലും വേണ്ടി വരും, പക്ഷേ നല്ല ടേസ്റ്റിയാണ്.